ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം

11 അംഗരാജ്യങ്ങളും 10 പങ്കാളിരാജ്യങ്ങളും പങ്കെടുക്കുന്നു
 | 
Brics

യുദ്ധങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടെ, ഇന്ന് ഡൽഹിയിൽ തുടങ്ങുന്ന 18-ാം ബ്രിക്സ് ഉച്ചകോടിയിലേക്ക് ലോകനേതാക്കൾ എത്തിക്കഴിഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി, ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര-തീരുവ നയങ്ങൾ എന്നിങ്ങനെ ആഗോള സമ്പദ്‌‌വ്യവസ്ഥ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി.

പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇരുപക്ഷങ്ങളിലായി നിലയുറപ്പിച്ചിരിക്കുന്ന രാജ്യങ്ങൾ പങ്കെടുക്കുന്നതിനാൽ ഡൽഹിയോഗം ആഗോള നയതന്ത്രരംഗത്തും നിർണായകമാകും. യുക്രൈനുമായി സംഘർഷം തുടരുന്ന റഷ്യയും ഇന്ത്യയുമായി അതിർത്തിത്തർക്കത്തിലുള്ള ചൈനയും പങ്കെടുക്കുന്നു. ആഗോള ഭൗമരാഷ്ട്രീയത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന നിലപാടുകൾ ഉച്ചകോടിയിൽ ഉയർന്നേക്കും.

ജി-20 ഉച്ചകോടിക്കുശേഷം ഇന്ത്യ ആതിഥ്യംവഹിക്കുന്ന പ്രധാന അന്താരാഷ്ട്രസമ്മേളനമാണ് ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്നത്. 11 അംഗരാജ്യങ്ങളും 10 പങ്കാളിരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുടെ 12 പ്രതിനിധികളും പങ്കെടുക്കുന്ന ഉച്ചകോടി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.45-ന് തുടങ്ങും. ഭാരത്‌മണ്ഡപത്തിലെ പ്രധാനവേദിയിൽ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും.