'ഓപ്പറേഷൻ ഡെസിബെൽ'; ശബ്ദമലിനീകരണം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന
Sep 11, 2023, 18:18 IST
|
ശബ്ദമലിനീകരണം തടയാൻ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന. ‘ഓപ്പറേഷൻ ഡെസിബൽ’ എന്നാണ് സ്‌പെഷ്യൽ ഡ്രൈവിന്റെ പേര്. സെപ്തംബർ 11 മുതൽ 14 വരെ പരിശോധന നടത്താനാണ് നിർദേശം. നിരോധിത ഹോണുകൾ ഉപയോഗിക്കുന്നവർ, പൊതുനിരത്തിൽ അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നവർ, അനവസരത്തിൽ ഹോൺ ഉപയോഗിക്കുന്ന ആംബുലൻസുകൾ, സൈലൻസറുകൾ രൂപമാറ്റം നടത്തി ശബ്ദമലിനീകരണം ഉണ്ടാക്കുന്നവർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ശബ്ദമലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്തും. ഡ്രൈവിന്റെ ഭാഗമായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ല തിരിച്ചുള്ള ക്രോഡീകരിച്ച റിപ്പോർട്ട് 15ന് മുമ്പ് ബന്ധപ്പെട്ട ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നൽകണമെന്നും നിർദേശമുണ്ട്.