പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിലാക്കുന്നതിനെ എതിർക്കും: ധനമന്ത്രി; 6000 കോടി കേന്ദ്രം കൊണ്ടുപോകുമെന്നും മന്ത്രി

 | 
balagopal

തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി കേന്ദ്രം വിളിച്ച യോഗത്തിൽ  എതിർപ്പ് അറിയിക്കുമെന്ന് ധനകാര്യമന്ത്രി കെഎൻ ബാല​ഗോപാൽ. ജി എസ് ടിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം പെട്രോൾ വില കുറയില്ല. കേന്ദ്രം സെസ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ ഇന്ധന വില കുറയൂ. സെസ് നിർത്താതെ ഇന്ധന വില ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം ജനത്തിന് ഗുണം ചെയ്യില്ലെന്നും മന്ത്രി  പറഞ്ഞു. നാളെയാണ് കേന്ദ്ര ജി എസ് ടി കൗൺസിൽ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപ കേന്ദ്രം കൊണ്ടുപോകും. ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെട്ടാൽ പെട്രോളിന്റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി. അങ്ങനെ വരുമ്പോൾ 10.92 രൂപയുടെ പകുതി മാത്രമാകും കേരളത്തിന് ലഭിക്കുക. അതായത് 5.46 രൂപയായിരിക്കും സംസ്ഥാനത്തിന് ലഭിക്കുക. നിലവിൽ ഒരു ലിറ്റർ പെട്രോളിന് ലഭിക്കുന്ന നികുതി 24 രൂപയാണ്.