സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷത്തിന്റെ വമ്പൻ മാർച്ച്

രാഹുലിന് സുപ്രീം കോടതിയിൽ പ്രവേശിക്കാൻ അനുമതി
 | 
Delhi March

ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സുപ്രീം കോടതി മാർച്ച് ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും എം.പിമാരും പ്രത്യേകം സജ്ജമാക്കിയ ബസിലാണ് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് റാഫി മാർഗിൽക്കൂടി അശോക മാർഗ് കടന്ന് സുപ്രീം കോടതിയിൽ എത്തിച്ചേരും.

കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം. ഡൽഹി പോലീസിനെയും കേന്ദ്രസേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡൽഹിയുടെ പല മേഖലകളിലായി കോൺഗ്രസ് പ്രവർത്തകർ തമ്പടിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് സംയുക്തമായി നിവേദനം നൽകാൻ പ്രതിപക്ഷ പാർട്ടി നേതാക്കൾ വൈകിട്ട് നാലിന് സമയം ചോദിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ നിവേദനത്തിനു പകരം ഹർജി നൽകാനായിരുന്നു നിർദേശം. നാളെ അതു പരിഗണിക്കാമെന്നും മൗലികാവകാശം ലംഘിക്കപ്പെട്ടാൽ ഏതു പൗരനും സമീപിക്കുന്നതിനായി സുപ്രീം കോടതി 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഹുലും കോൺഗ്രസ് അധ്യക്ഷൻ ഖർഗെയുമാണു കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചു കത്തുനൽകിയത്.