സിനിമ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് 'ഒറിജിനല്‍' കുറുവച്ചന്‍; 'കടുവ'യ്ക്ക് സ്‌റ്റേ

 | 
Kaduva

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് സ്റ്റേ. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന് അറിയപ്പെടുന്ന ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സബ് കോടതിയാണ് ചിത്രത്തിന് സ്‌റ്റേ നല്‍കിയത്. ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നതിന് പിന്നാലെയാണ് പരാതി. തന്റെ ജീവിതം പറയുന്ന സിനിമയായതിനാല്‍ തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകുന്നതു വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ഉത്തരവിട്ടു. തീയേറ്ററുകള്‍ക്ക് പുറമേ ഒടിടി പ്ലാറ്റ്‌ഫോമുകളിലും സോഷ്യല്‍ മീഡിയയിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. സിനിമ മുഴുവനായോ ഭാഗികമായോ പ്രദര്‍ശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കി.

ഹര്‍ജിയില്‍ നിര്‍മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബര്‍ 14ന് വീണ്ടും പരിഗണിക്കും. ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ്, തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം എന്നിവരും കേസിലെ എതിര്‍ കക്ഷികളാണ്. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രം ഇതിനു മുന്‍പും കോടതിയില്‍ എത്തിയിരുന്നു.
 
സുരേഷ് ഗോപിയെ നായകനാക്കി മാത്യൂ തോമസ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിലും നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നു തന്നെയായിരുന്നു. ഒരേ പശ്ചാത്തലത്തില്‍ രണ്ടു ചിത്രങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കടുവയുടെ തിരക്കഥാകൃത്ത് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.