പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് മേല്‍; ആഞ്ഞടിച്ച് മൂന്നാം തരംഗം

 | 
Covid

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തിനു മേല്‍ കോവിഡ് കേസുകള്‍. വെള്ളിയാഴ്ച മാത്രം 1,17,100 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു ദിവസം മുന്‍പ് പ്രതിദിന കേസുകള്‍ 10,000 മാത്രമായിരുന്നു. പത്തു ദിവസത്തിനിടെ 35 ശതമാനം വര്‍ദ്ധനവാണ് രോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴ് മാസത്തിന് ശേഷമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3.52 കോടി പിന്നിട്ടു.

ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3000 കടന്നു. എല്ലാ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഓരോ ദിവസവും ഒമിക്രോണ്‍ വ്യാപനം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 36,265 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സിറ്റിയില്‍ മാത്രം 20,181 കേസുകള്‍ സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ 15,097 ആയി ഉയര്‍ന്നു. മെയ് 8ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. 41.5 ശതമാനം വര്‍ദ്ധനയാണ് ഇതില്‍ രേഖപ്പെടുത്തിയത്. 15 ശതമാനമാണ് ടിപിആര്‍. മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ രാജ്യത്തെ മൊത്തം കേസുകളുടെ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.