പി.സതീദേവി പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷ

 | 
Satheedevi
സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി പി.സതീദേവിയെ നിയമിച്ചു

സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി പി.സതീദേവിയെ നിയമിച്ചു. സിപിഎം സംസ്ഥാന സമിതിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്. പി.കെ.ശ്രീമതി, സി.എസ്.സുജാത, ടി.എന്‍.സീമ തുടങ്ങിയവരെയും വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ സതീദേവിയെ തെരഞ്ഞെടുക്കുകയായിരുന്നു. സതീദേവി ഒക്ടോബര്‍ 1ന് ചുമതലയേല്‍ക്കും. 2004ല്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എം.സി.ജോസഫൈന്‍ രാജിവെച്ചതിനെ തുടര്‍ന്ന് മാസങ്ങളോളം വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. സ്ത്രീധന പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ സംഭവം വിവാദമായതോടെയാണ് ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞത്. ലൈവ് പരിപാടിക്കിടെയായിരുന്നു സംഭവം.

പരാതിക്കാരിയോട് അസഹിഷ്ണുതയോടെ വനിതാ കമ്മീഷന്‍ അധ്യക്ഷ പെരുമാറിയതിന് എതിരെ പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആവശ്യപ്രകാരം ജോസഫൈന്‍ രാജിവെക്കുമ്പോള്‍ അവര്‍ക്ക് 8 മാസം കൂടി കാലാവധി ശേഷിച്ചിരുന്നു. വനിതാ കമ്മീഷനിലെ മറ്റ് അംഗങ്ങള്‍ക്ക് കാലാവധി അവസാനിക്കുന്നതു വരെ സ്ഥാനത്ത് തുടരാം.