ലോകകപ്പിൽ പാക്കിസ്ഥാന്റെ ഇന്ത്യക്ക് എതിരായ ആദ്യ ജയം; 10 വിക്കറ്റിന് ഇന്ത്യയെ തകർത്തു
1975ൽ ലോകകപ്പ് തുടങ്ങിയ ശേഷം ഇന്ത്യയെ ഇതുവരെ പരാജയപ്പെടുത്തിയില്ല എന്ന ചീത്തപ്പേര് പാക്കിസ്ഥാൻ മാറ്റിയെടുത്തു. ദുബായിൽ നടന്ന മത്സരത്തിൽ ആദ്യം ബോളുകൊണ്ടും പിന്നെ ബാറ്റുകൊണ്ടും ഇന്ത്യയെ അവർ കീഴടക്കി. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം അവർ അനായാസം മറികടന്നു. അർധ സെഞ്ച്വറി നേടിയ നായകൻ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരും 3 വിക്കറ്റ് വീഴ്ത്തി ബൗളർ ഷഹീൻ ആഫ്രിദിയും ആണ് ഇന്ത്യയെ തകർത്തത്. ഇതുവരെ തോൽക്കാത്ത ദുബായ് സ്റ്റേഡിയം അങ്ങിനെ ബാബർ അസമിന് അങ്ങിനെ ഭാഗ്യഗ്രൗണ്ട് ആയി മാറി.
ഒരറ്റത്ത് റിസ്വാനും മറ്റേ അറ്റത് ബാബർ അസമും ഇന്ത്യൻ ബൗളർമാരെ തല്ലിയൊടിച്ചു. ഒരു അവസരം പോലും അവർ നൽകിയില്ല. ഒരു ബൗളർമാർക്കും അവർക്ക് വെല്ലുവിളി ആവാനും കഴിഞ്ഞില്ല.
നേരത്തെ ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഷഹീൻ അഫ്രീദിയുടെ വേഗമേറിയ പന്തുകൾക്ക് മുന്നിൽ ഇന്ത്യൻ ഓപ്പണർമാർ പതറി. നേരിട്ട ആദ്യ പന്തിൽ രോഹിത് ശർമ്മ പുറത്തായി. മൂന്നാം ഓവറിൽ 3 റൺസ് എടുത്ത കെ.എൽ രാഹുൽ ബൗൾഡായി. 11 റൺസ് എടുത്ത സൂര്യകുമാർ യാദവിനെ ഹസൻ അലിയും പുറത്താക്കി. ഇതോടെ 3ന് 31 എന്ന നിലയിൽ പരുങ്ങലിൽ ആയി ഇന്ത്യ. എന്നാൽ വിരാട് കോഹ്‌ലിയും ഋഷഭ് പന്തും ചേർന്ന് ഇന്ത്യയെ പതിയെ കളിയിലേക്ക് കൊണ്ടുവന്നു. 30 പന്തിൽ 39 റൺസ് ആണ് പന്ത് നേടിയത്. ക്ഷമയോടെ ഒരറ്റത്ത് കോഹ്‌ലി നിലയുറപ്പിച്ചു. സ്കോർ 133ൽ നിൽക്കെ അഫ്രീദി കോഹ്‌ലിയെ പുറത്താക്കി. 49 പന്തിൽ 57 റൺസ് ആണ് കോഹ്‌ലി നേടിയത്. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ആണ് ഇന്ത്യ 151 റൺസ് നേടിയത്. അഫ്രീദി 4 ഓവറിൽ 31 റൺസ് വഴങ്ങി 3ഉം ഹസ്സൻ അലി 44 റൺസിന് 2 വിക്കറ്റും വീഴ്ത്തി.
152 റൺസ് എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ പാകിസ്ഥാന് വേണ്ടി ഓപ്പണർ റിസ്വാൻ നല്ല തുടക്കം നൽകി. പവർ പ്ലേ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടാതെ 43 റൺസ് ആണ് പാകിസ്ഥാൻ നേടിയത്. ബാബർ അസം, മൊഹമ്മദ് റിസ്വാൻ കൂട്ടകെട്ട് ഇന്ത്യൻ ബൗളർമാർക്ക് യാതൊരു ചാൻസും നൽകിയില്ല.
13ആം ഓവറിൽ വിക്കറ്റ് നഷ്ടമാവതെ 100 റൺസും അവർ നേടി. 40 പന്തിൽ നായകൻ ബാബർ അസം അർധ സെഞ്ച്വറി നേടിയപ്പോൾ റിസ്വാൻ 47 ബോളിൽ അർദ്ധ സെഞ്ച്വറി നേടി. 17.5 ഓവറിൽ അവർ ലക്ഷ്യം മറികടന്നു. ബാബർ 68ഉം റിസ്വാൻ 79ഉം നേടി പുറത്താകാതെ നിന്നു.