പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. രാവിലെ 9 മണിയോടെ ഭാര്യയുമായി ബൈക്കില്‍ വരുമ്പോഴാണ് സംഭവം. ബൈക്ക് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രാഷ്ട്രീയ സംഘര്‍ഷമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് നേരത്തേയുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ് ആരോപിച്ചു. എലപ്പുള്ളി പഞ്ചായത്തില്‍ കുറച്ചു കാലമായി ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ എസ്ഡിപിഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടി. സഞ്ജിത്തിന്റെ കൊല ഇതിന്റെ തുടര്‍ച്ചയാണെന്നാണ് വിവരം. കൊല്ലപ്പെട്ട സഞ്ജിത്തിനെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.