പാലക്കാട് സ്കൂൾ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടം: സിമൻ്റ് ലോറി ഡ്രൈവർക്കെതിരെയും കേസെടുത്തു

 | 
palakkad accident

പനയമ്പാടത്ത് സ്കൂൾ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ സിമൻ്റ് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെതിരെയും കേസെടുത്തു. നരഹത്യ ചുമത്തിയാണ് കേസെടുത്തത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. എതിരെ വന്ന ലോറി ഓടിച്ച വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെ നേരത്തെ നരഹത്യ ചുമത്തി കേസെടുത്തിരുന്നു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

എതിരെ വന്ന പ്രജീഷ് ഓടിച്ച ലോറി സിമന്റ് ലോറിയിൽ തട്ടുകയായിരുന്നു. ഇതോടെ സിമന്റ് ലോറി കുട്ടികളുടെ ദേഹത്തേക്ക് മറിഞ്ഞു. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ തന്നെ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഇരുവരെയും അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും. 

കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. നടന്നുവരികയായിരുന്ന കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം-ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയിൽ വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ.