പനാമ പേപ്പര്‍ കേസ്; ഐശ്വര്യ റായ് ബച്ചന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

 | 
Aishwarya Rai

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍ ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതു സംബന്ധിച്ച് ഐശ്വര്യക്ക് ഇഡി നോട്ടീസ് നല്‍കി. പനാമ പേപ്പര്‍ കേസില്‍ മൂന്നാം തവണയാണ് ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ് നല്‍കുന്നത്. രണ്ടു തവണയും ഐശ്വര്യ ഹാജരായിരുന്നില്ല. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചതായുള്ള പനാമ പേപ്പര്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

2016ലാണ് പനാമ പേപ്പറുകള്‍ പുറത്തു വന്നത്. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2000 മുതല്‍ 2004 വരെയുള്ള വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദീകരണം നല്‍കണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് നികുതിവെട്ടിപ്പിനായി വ്യാജ കമ്പനികളുടെ പേരിലും വിദേശ അക്കൗണ്ടുകളിലും നിക്ഷേപം നടത്തിയവരുടെ പേരുകള്‍ പുറത്തു വിട്ടത്.

വ്യവസായികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സെലിബ്രിറ്റികള്‍ എന്നിവരടക്കം നിരവധിയാളുകളുടെ വിവരങ്ങള്‍ പനാമ പേപ്പറുകളില്‍ പുറത്തു വന്നിരുന്നു. 300 ഇന്ത്യക്കാരുടെ പേരുകളായിരുന്നു ഇതില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നത്.