ശാസ്താംകോട്ടയില്‍ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തു; ഡോക്ടര്‍മാര്‍ സമരത്തില്‍
കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ ഡോക്ടര്‍ പരാതി നല്‍കി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തിട്ടുണ്ട്. അതേസമയം തങ്ങളെ ഡോക്ടര്‍ മര്‍ദ്ദിച്ചുവെന്ന് പരാതി നല്‍കി പഞ്ചായത്ത് പ്രസിഡന്റും സംഘവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
കിണറ്റില്‍ വീണ് മരിച്ച സ്ത്രീയുടെ മൃതദേഹവുമായാണ് പഞ്ചായത്ത് പ്രസിഡന്റും സംഘവും ആശുപത്രിയില്‍ എത്തിയത്. മൃതദേഹം ആംബുലന്‍സില്‍ നിന്ന് ഇറക്കാതെ മരണം സ്ഥിരീകരിച്ച് നല്‍കണമെന്ന് ശ്രീകുമാറും ഒപ്പമുള്ളവരും ഡോക്ടറോട് ആവശ്യപ്പെട്ടു. മറ്റൊരു രോഗിക്ക് പ്ലാസ്റ്റര്‍ ഇട്ടുകൊണ്ടിരുന്ന ഡോക്ടര്‍ എത്താന്‍ വൈകി. മരണം സ്ഥിരീകരിക്കണമെങ്കില്‍ ഇസിജി എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതോടെ പ്രസിഡന്റും സംഘവും ഡോക്ടറെ അസഭ്യം പറഞ്ഞു.
ഡോക്ടര്‍ ഇതിന്റെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചതോടെ സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്ന് അടുത്തിടെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അതിനാല്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യേണ്ടി വരും. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യുകയാണ്. കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലാണ് സമരം.