പരവൂര്‍ സദാചാര ആക്രമണം; പ്രതി ആശിഷിനെ റിമാന്‍ഡ് ചെയ്തു
കൊല്ലം: പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇന്നലെ പിടിയിലായ ആശിഷിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ വൈദ്യപരിശോധയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ തെന്മലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഐപിസി 326, 354 എന്നീ വകുപ്പുകള്‍ ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചാര്‍ജ് ചെയ്തത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും. സ്ത്രീകളെ മനപ്പൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എഴുകോണ്‍ സ്വദേശി ഷംലയ്ക്കും മകന്‍ സാലുവിനും നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് ശേഷം മടങ്ങുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കാര്‍ നിര്‍ത്തിയ സമയത്താണ് ആക്രമണമുണ്ടായത്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പാഴ്‌സല്‍ വാങ്ങി ബീച്ചിന് സമീപം കാര്‍ നിര്‍ത്തി കഴിക്കാന്‍ തുടങ്ങുമ്പോഴാണ് ആഷിക് ഇവരെ ചോദ്യം ചെയ്തത്. കാറിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ചായിരുന്നു ഇയാള്‍ എത്തിയത്. അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോള്‍ കണ്ടാല്‍ പറയില്ലല്ലോ എന്നായിരുന്നു പ്രതികരണം.
കാറില്‍ നിന്ന് പുറത്തിറങ്ങിയ സാലുവിന്റെ കയ്യില്‍ പ്രതി മുറിവേല്‍പിച്ചു. തന്നെ കാറില്‍ ന ലിന്ന് മുടിയില്‍ പിടിച്ചു വലിച്ച് നിലത്തിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. കയ്യില്‍ ഗുരുതരമായി പരിക്കേറ്റ സാലു ചികിത്സ തേടി. കണ്ടു നിന്നവര്‍ ആരും തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചില്ലെന്ന് ഷംല പറഞ്ഞു. ഒരു മകന്റെ മുന്നില്‍ വെച്ച് പറയാന്‍ പാടില്ലാത്ത അസഭ്യമാണ് അയാള്‍ പറഞ്ഞത്.
പ്രശ്‌നമൊന്നും ഉണ്ടാക്കേണ്ടെന്ന് കരുതി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ മുന്‍വശത്തെത്തി കാറിന്റെ ചില്ല് അയാള്‍ അടിച്ചു തകര്‍ത്തുവെന്നും ഷംല വ്യക്തമാക്കി. സംഭവത്തിന് ശേഷം ആടിനെ കാറിടിച്ചത് ചോദ്യം ചെയ്ത സഹോദരനെ മര്‍ദ്ദിച്ചെന്നു കാട്ടി തെക്കുംഭാഗം സ്വദേശിയായ അഭിഭാഷക പോലീസില്‍ പരാതി നല്‍കാനെത്തിയിരുന്നു. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്രമണത്തിന് ഇരയായാവരുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു.