വിദ്യാരംഭ ചടങ്ങിൽ കുട്ടികൾ ഏത് അക്ഷരം ആദ്യം കുറിക്കണമെന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം; ഹൈക്കോടതി

 | 
Z

കൊച്ചി: വിദ്യാരംഭ ചടങ്ങില്‍ കുട്ടികള്‍ ഏത് അക്ഷരം ആദ്യം കുറിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. മട്ടന്നൂര്‍ നഗരസഭ ലൈബ്രറിയുടെ വിദ്യാരംഭ ചടങ്ങ് സനാതന ധര്‍മ്മത്തിന് എതിരാണെന്ന് കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും തുടക്കമാണ് വിദ്യാരംഭം. മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റി നടത്തുന്ന വിദ്യാരംഭ ചടങ്ങില്‍ അപാകതയില്ല. ഒരു മന്ത്രം മാത്രം സ്വീകരിക്കണമെന്ന് നഗരസഭാ ലൈബ്രറി കമ്മിറ്റി നിര്‍ബന്ധിക്കുന്നില്ല. സ്വന്തം മതവിശ്വാസമനുസരിച്ച് മാതാപിതാക്കള്‍ക്ക് തീരുമാനമെടുക്കാം. കുട്ടിയെയോ മാതാപിതാക്കളെയോ സംഘാടകര്‍ പരിപാടിയുടെ ഭാഗമാകാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ഹൈക്കോടതി വിധിയില്‍ നിരീക്ഷിച്ചു.

ഏതെങ്കിലും മത ചടങ്ങിന്റെ ഭാഗമായല്ല ലൈബ്രറി കമ്മിറ്റി ചടങ്ങ് സംഘടിപ്പിക്കുന്നത്. മതേതരമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ലൈബ്രറി കമ്മിറ്റിയുടെ തീരുമാനത്തില്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ല. ഇന്ത്യ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. വ്യത്യസ്ത മതധാരകളും വിശ്വാസങ്ങളും പിന്തുടരുന്നവരുണ്ട്. ഇത് നൂറ്റാണ്ടുകളായി തുടരുന്നതാണ്. ലൈബ്രറി കമ്മിറ്റിയുടെ പരിപാടിയില്‍ ഇടപെട്ട് ഉത്തരവ് പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ പറയുന്നു.