വിഭജന ഭീതിയുടെ അനുസ്മണദിനമായി ഓഗസ്റ്റ് 14. പ്രധാനമന്ത്രിയുടെ പുതിയ ആഹ്വാനം.
1947ലെ ഇന്ത്യൻ വിഭജനത്തിന്റെ മോശം ഓർമ്മകൾ മറന്ന് രാജ്യം ഒരുമയോടെ മുന്നേറാൻ ശ്രമിക്കുന്നതിനിടെ അത് ഓർമ്മിക്കണമെന്നും വിഭജനഭീതി ഓർമ്മദിനമായി ഓഗസ്റ്റ് 14 ആചരിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ട്വീറ്റ്. പാലായനം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് സഹോദരി സഹോദരൻമാരുടെ ത്യഗസ്മരണക്കായി ഈ ദിനം ആചരിക്കണമെന്നും ട്വീറ്റിൽ പറയുന്നു.
'വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല, വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷകണക്കിന് സഹോദരി സഹോദരൻമാർക്ക് പലായനം ചെയ്യേണ്ടി വന്നു, പലർക്കും ജീവൻ നഷ്ടപ്പെട്ടു. ആ ജനതയുടെ ത്യാഗസ്മരണയ്ക്കായി ഓഗസ്റ്റ് 14 'വിഭജനഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഈ ഓർമ്മ ദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്തുക്കൾ നീക്കി മൈത്രിയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചു. പ്രധനമന്ത്രിയുടെ തീരുമാനം ദൗർഭാഗ്യകരമാണ്. വിഭജനത്തിന്റെ മുറിപ്പാടുകൾ ഓർമ്മിപ്പിച്ച് വിഭാഗീയതയും വിദ്വേഷവും വളർത്തുന്ന സന്ദേശമാണ് പ്രധാനമന്ത്രിയുടേതെന്നും അദേഹം പറഞ്ഞു.
പാക്കിസ്ഥാൻ സ്വാതന്ത്രദിനമാണ് ഓഗസ്റ്റ് 14.