ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ വരാനുള്ള സാധ്യത മൂന്നിരട്ടി; പഠനം പറയുന്നത് ഇങ്ങനെ

 | 
Omicron

ഒരിക്കല്‍ കോവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനം. ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊറോണയുടെ ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി ഒമിക്രോണിന് കൂടുതലുണ്ടെന്നും പ്രാഥമിക പഠനത്തില്‍ കണ്ടെത്തി.

കോവിഡ് ബാധിതരുടെ ഡേറ്റ അടിസ്ഥാനമാക്കി നടത്തി വിശകലനത്തിലാണ് ഈ നിഗമനം. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് മനുഷ്യന്റെ പ്രതിരോധശേഷി മറികടക്കാന്‍ ഒമിക്രോണിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ചവരെക്കുറിച്ച് പഠനത്തില്‍ പരാമര്‍ശമില്ല. അതുകൊണ്ടുതന്നെ വാക്‌സിന്‍ മൂലമുള്ള പ്രതിരോധശേഷിയെ ഒമിക്രോണിന് മറികടക്കാനാകുമോ എന്ന കാര്യം ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഒരു മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറിലാണ് റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് പിയര്‍ റിവ്യൂവിന് വിധേയമാക്കിയിട്ടില്ലെന്നാണ് വിവരം. ഒമിക്രോണില്‍ ലോകമൊട്ടാകെ വിശദമായ പഠനങ്ങള്‍ നടന്നു വരികയാണ്.