മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധനക്ക് അനുമതി; കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു. 13 വർഷത്തിനു ശേഷമാണ് മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തുന്നത്.
പരിശോധന 12 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് ജലകമ്മീഷന്റെ തീരുമാനം. 2021ലെ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം ഇങ്ങനെയുള്ള പരിശോധന 2026ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്റെ വാദമാണ് ജല കമ്മീഷൻ തള്ളിയത്.
2011ലാണ് ഏറ്റവും അവസാനം മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തിയത്. പ്രധാന ഡാമുകളിൽ 10 വർഷത്തിലൊരിക്കൽ സുരക്ഷാ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര ജല കമ്മീഷന്‍റെ സുരക്ഷാ പുസ്തകത്തില്‍ വ്യവസ്ഥയുണ്ട്.
കേരളത്തിന്റെ ആശങ്കകള്‍ കണക്കിലെടുത്ത് അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ആവശ്യമാണെന്ന്, പൊതുതാത്പര്യ ഹരജിയില്‍ 2022 ഫെബ്രുവരിയില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പരിശോധനയെ തമിഴ്നാട് എതിർത്തുവരികയായിരുന്നു. അറ്റകുറ്റപ്പണി മതിയെന്നും സുരക്ഷാ പരിശോധന വേണ്ടെന്ന നിലപാടുമായിരുന്നു തമിഴ്നാടിന്റേത്.