ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

 | 
High Court

വിവാദമായ സംസ്ഥാന ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഈ വർഷത്തെ അവാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയെ സമീപിച്ചത്. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ‌ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി നൽകിയത്. 

എന്നാൽ അവാർഡ് നിർണയം റദ്ദാക്കണമെന്ന ആവശ്യം അനുവദിക്കാൻ കോടതി വിസമ്മതിച്ചു. കേസിൽ സാംസ്കാരിക വകുപ്പ് ഡയറക്ട‌റെ കക്ഷിചേർക്കാനും സർക്കാരിന്റെ വിശദീകരണം കേട്ടതിനു ശേഷം നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബസന്ത് ബാലാജിയുടെ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. 

അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതായി സംവിധായൻ വിനയനാണ് ആരോപണം ഉയർത്തിയത്. പത്തൊൻപതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാൻ രഞ്ജിത്തിന്റെ ഇടപെടലുണ്ടായതായി ജൂറി അം​ഗങ്ങളെ ഉദ്ധരിച്ച് വിനയൻ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് വിനയൻ നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലിജീഷ് ഹൈക്കോടതിയെ സമീപിച്ചത്.