പേട്ട കൊലപാതകം; അനീഷിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാവ്

 | 
 Aneesh George

പേട്ടയില്‍ യുവാവിനെ കൊലപ്പെടുത്തിയത് വീട്ടിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷമെന്ന് ബന്ധുക്കള്‍. കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. അനീഷിനെ തിരിച്ചറിഞ്ഞ ശേഷമാണ് പ്രതിയായ സൈമണ്‍ ലാലന്‍ കുത്തിയതെന്നും ഫോണ്‍ വന്നതിന് തെളിവുണ്ടെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. കള്ളനെന്ന് കരുതി അനീഷിനെ കുത്തിയെന്നാണ് സൈമണ്‍ ലാലന്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊലയ്ക്ക് പിന്നിലുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

പ്രതിയുടെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സൈമണ്‍ ലാലന്റെ ഭാര്യയും മക്കളും തടയാന്‍ ശ്രമിച്ചിട്ടും അനീഷിനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് അനീഷിന്റെ അമ്മ ഡോളി പറഞ്ഞു. സൈമണിന്റെ ഭാര്യ വീട്ടില്‍ വരുമായിരുന്നു. ഭര്‍ത്താവ് ഉപദ്രവിക്കുന്നതായി അവര്‍ പറയുമായിരുന്നു. ഭാര്യ മറ്റുള്ളവരോട് സംസാരിക്കുന്നത് സൈമണ്‍ വിലക്കിയിരുന്നു. അയാള്‍ വീട്ടിലില്ലാത്ത സമയത്താണ് അവര്‍ പുറത്തിറങ്ങിയിരുന്നത്. അവര്‍ തന്നെ എപ്പോഴും ഫോണ്‍ ചെയ്യും. ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിക്കുന്നു എന്നൊക്കെ പറയും.

ഫോണില്‍ വിളിക്കുമ്പോള്‍ അനീഷ് അവരെ സമാധാനിപ്പിക്കും. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അനീഷ് സൈമണിന്റെ ഭാര്യക്കും മകള്‍ക്കുമൊപ്പം ലുലു മാളില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ പ്രശ്‌നമുണ്ടായപ്പോള്‍ മോനെ വിളിച്ചു വരുത്തിയതാണ്. വഴക്കു പറയുമെന്നു കരുതി അവന്‍ ആരോടും പറയാതെ വീട്ടില്‍ നിന്ന് പോയതായിരിക്കുമെന്നും ഡോളി പറഞ്ഞു.

സൈമണ്‍ ലാലന്റെ വീട്ടില്‍ പുലര്‍ച്ചെ 3 മണിക്കാണ് അനീഷ് ജോര്‍ജ് കുത്തേറ്റ് മരിച്ചത്. കള്ളനാണെന്ന് കരുതി കുത്തിയതാണെന്നായിരുന്നു പേട്ട പോലീസ് സ്‌റ്റേഷനില്‍ എത്തി സൈമണ്‍ പറഞ്ഞത്. പുലര്‍ച്ചെ മകളുടെ മുറിയില്‍ ശബ്ദം കേട്ടു. വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. ഇതേത്തുടര്‍ന്ന് കതക് തള്ളിത്തുറന്നപ്പോള്‍ അനീഷുമായി മല്‍പ്പിടിത്തം ഉണ്ടാകുകയും താന്‍ കത്തികൊണ്ട് കുത്തിയെന്നുമായിരുന്നു മൊഴി.