പിങ്ക് പോലീസിന്റെ പരസ്യവിചാരണ; കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധി, ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിക്ക് നിര്‍ദേശം

 | 
pink police

ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെയും പിതാവിനെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ നടത്തിയ സംഭവത്തില്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കുറ്റക്കാരിയായ പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി.

കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് ജനങ്ങളുമായി ഇടപഴകുന്നത് സംബന്ധിച്ച് പ്രത്യേക പരിശീലനം നല്‍കണം. ഇവരെ ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും പരാതി നല്‍കിയ പെണ്‍കുട്ടിക്ക് കോടതിച്ചെലവായി 25,000 രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയ്ക്ക് എതിരെ പോലീസ് കാര്യമായ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഇരയായ പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ പോലീസുകാരിക്കെതിരെ കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഓഗസ്റ്റ് 27നാണ് സംഭവമുണ്ടായത്. ഐഎസ്ആര്‍ഒയിലേക്ക് യന്ത്രഭാഗങ്ങള്‍ കൊണ്ടുപോയ വലിയ വാഹനം കാണാന്‍ എത്തിയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് രജിത പരസ്യമായി അവഹേളിക്കുകയായിരുന്നു.

വാഹനം കാണാന്‍ പിങ്ക് പോലീസിന്റെ കാറിന് സമീപമായിരുന്നു ഇവര്‍ നിന്നത്. മോഷ്ടാവെന്ന് വിളിച്ച് എട്ടുവയസുകാരിയെ പരസ്യവിചാരണ ചെയ്തതിന്റെ വീഡിയോ പിന്നീട് പുറത്തു വന്നിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് ഫോണ്‍ പിന്നീട് കിട്ടിയെങ്കിലും പോലീസുകാരി അവഹേളനം തുടര്‍ന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.

സംഭവത്തില്‍ പോലീസുകാരിയെ അനുകൂലിക്കുന്ന റിപ്പോര്‍ട്ടാണ് ഡിവൈഎസ്പി നല്‍കിയത്. ഇതോടെ ജയചന്ദന്‍ ഡിജിപിക്ക് പരാതി നല്‍കി. ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലും പോലീസുകാരിക്ക് ജാഗ്രതക്കുറവുണ്ടായെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. രജിതയെ കൊല്ലം സിറ്റിയിലേക്ക് സ്ഥലം മാറ്റിയത് മാത്രമാണ് പോലീസ് സ്വീകരിച്ച നടപടി.