പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു

ഒറ്റപ്പാലത്തു യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന
 | 
PK Sasi

സിപിഎം നേതാവ് പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു. സിപിഎം നേതൃത്വവുമായി അടുത്തിടെ അകൽച്ചയിലായിരുന്നു അദ്ദേഹം. കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയതായിട്ടാണ് സൂചന. രാജി വ്യക്തിപരമെന്നാണ് വിശദീകരണം. 

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വീടിനു മുന്നിലൂടെ കടന്നുപോയിട്ടും സ്വീകരണത്തിൽ പങ്കെടുക്കാതെ മുൻ എംഎൽഎ കൂടിയായ പി.കെ.ശശി വിട്ടുനിന്നിരുന്നു. അകന്നു നിൽക്കുന്ന ശശിയെ അനുനയിപ്പിക്കാൻ അദ്ദേഹത്തെ വിളിക്കുക പോലും ചെയ്യാതെ പാർട്ടിയും അകൽച്ച പാലിച്ചു. കടുത്ത പനി മൂലമാണു വിട്ടുനിന്നതെന്നു ശശി പറഞ്ഞെങ്കിലും ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമായിരുന്നു.

പി.കെ.ശശി യുഡിഎഫിലേക്കു ചേക്കേറുമെന്നും ഒറ്റപ്പാലത്തു യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്നും അഭ്യൂഹമുള്ള സാഹചര്യത്തിൽ ജാഥയിലെ അസാന്നിധ്യം ചർച്ചയായി. ശശിയുമായി പാർട്ടിക്കു പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ടാണു ബ്രാഞ്ചിൽ തുടരുന്നതെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചിരുന്നു. വിഭാഗീയതയെത്തുടർന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയെങ്കിലും കെടിഡിസി അധ്യക്ഷസ്ഥാനത്തു നിന്നു മാറ്റിയിരുന്നില്ല. സംസ്‌ഥാന നേതൃത്വത്തിന്റെ അനുഭാവമായിരുന്നു കാരണം.