പ്ലസ് വണ്‍ പരീക്ഷാ തിയതി പ്രഖ്യാപിച്ചു; ഓരോ പരീക്ഷയ്ക്കിടയിലും 5 ദിവസം ഇടവേള

 | 
Exam
സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ സെപ്റ്റംബര്‍ 24ന് ആരംഭിക്കും. ഒക്ടോബര്‍ 18നാണ് പരീക്ഷ അവസാനിക്കുക. ഓരോ പരീക്ഷയ്ക്കിടയിലും 5 ദിവസത്തെ ഇടവേള അനുവദിച്ചിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബര്‍ 13നാണ് അവസാനിക്കുക.

വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ടൈം ടേബിള്‍ dhsekerala.gov.in എന്ന ഹയര്‍ സെക്കന്‍ഡറി വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെയാണ് പരീക്ഷ. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടക്കുക. കുട്ടികളും രക്ഷിതാക്കളും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇടവേളകള്‍ ദീര്‍ഘിപ്പിച്ചത്.

പ്രൈവറ്റ് കമ്പാര്‍ട്ട്മെന്റല്‍,പുനഃപ്രവേശനം, ലാറ്ററല്‍ എന്‍ട്രി, പ്രൈവറ്റ് ഫുള്‍ കോഴ്സ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷ നടത്തും. പ്ലസ് വണ്‍ പരീക്ഷ നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് കോടതി പരീക്ഷയ്ക്ക് അനുമതി നല്‍കിയത്.