പ്ലസ് വണ്‍ പരീക്ഷാ തിയതി ഉടന്‍; തയ്യാറെടുപ്പുകള്‍ ആരംഭിച്ച് സര്‍ക്കാര്‍

 | 
Sivankutty-V
സുപ്രീം കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തിയതി ഉടന്‍ പ്രഖ്യാപിക്കും

തിരുവനന്തപുരം: സുപ്രീം കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തിയതി ഉടന്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. എത്രയും പെട്ടെന്ന് പരീക്ഷ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

രക്ഷിതാക്കളുടെയും കുട്ടികളുടെയും അഭിപ്രായം അനുസരിച്ച് പഠിക്കുന്നതിനുള്ള ഇടവേള നല്‍കിക്കൊണ്ടായിരിക്കും ടൈംടേബിള്‍ തയ്യാറാക്കുക. ഇതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശം അനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.