എം എസ് സ്വാമിനാഥന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

 | 
MODI


ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാമിനാഥൻ രാജ്യത്തിൻറെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. കാർഷിക മേഖലയ്ക്ക് സ്വാമിനാഥൻ നൽകിയ സംഭാവന, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഗോതമ്പിന്റെയും അരിയുടെയും ഉയർന്ന വിളവ് തരുന്ന ഇനങ്ങൾ അവതരിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വവും പങ്കുമാണ് ഹരിതവിപ്ലവത്തിന്റെ പിതാവെന്ന മേല്‍വിലാസത്തിലേക്ക് എത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹമെന്ന് ടൈംസ് മാ​ഗസിൻ വിശേഷിപ്പിച്ചിട്ടുണ്ട്.

1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ, ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.