കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഞായറാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ട്രയൽ റൺ ഇന്ന് പൂർത്തിയാക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാകും വന്ദേഭാരതിന്റെ ആദ്യ യാത്ര. വി മുരളീധരന്‍, വി അബ്ദുറഹിമാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയവര്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.
ഓറഞ്ചും കറുപ്പും കലര്‍ന്ന പുതിയ നിറത്തിലാണ് ട്രെയിന്‍. നിലവില്‍ എട്ട് കോച്ചുകളാണ് ഉള്ളത്. ട്രെയിനിന്റെ ആദ്യത്തെ ട്രയല്‍ റണ്‍ ഇന്നലെ നടത്തിയിരുന്നു. കൊച്ചുവേളിയിലെ പിറ്റ്‌ലൈനില്‍ എത്തിച്ച് പരിശോധനകള്‍ നടത്തിയ ശേഷമാണ് വൈകിട്ട് 4.05ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ ട്രെയിന്‍ കാസര്‍കോട് എത്തി. ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ട്രയല്‍ റണ്‍ നടത്തും.
26 മുതലായിരിക്കും ട്രെയിനിന്റെ സാധാരണ സര്‍വീസുകള്‍ ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. രാവിലെ കാസര്‍കോട് നിന്ന് ആരംഭിച്ച് മൂന്ന് മണിയോടെ തിരുവനന്തപുരത്തെത്തുന്ന രീതിയിലാകും സര്‍വീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് പുറപ്പെട്ട് രാത്രി 11.55 ന് കാസര്‍കോട്ടെത്തും. ആഴ്ച്ചയില്‍ ഒരു ദിവസം സര്‍വ്വീസ് ഉണ്ടാകില്ല.