ആര്‍എസ്എസ്-എസ്ഡിപിഐ സംഘടനകളിലെ ക്രിമിനലുകളുടെ ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി പോലീസ്

 | 
RSS SDPI

ആര്‍എസ്എസ്, എസ്ഡിപിഐ എന്നീ സംഘടനകളിലെ ക്രിമിനലുകളുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കുന്നു. ജില്ലാ അടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കാന്‍ ഡിജിപി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. മുന്‍്പ് കേസുകളില്‍ പെട്ട പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ശേഖരിക്കും. ഒളിവില്‍ കഴിയുന്നവരെയും വാറന്റ് നിലവിലുള്ളവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.

ജാമ്യത്തില്‍ കഴിയുന്നവര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്നും പരിശോധിക്കും. മറ്റു കേസുകളിലും തുടര്‍ പരിശോധനകളും നടപടികളും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്തകാലത്തുണ്ടായ കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വിവരങ്ങള്‍ ശേഖരിക്കും. പ്രതികള്‍ക്ക് ആയുധവും ഫോണു നല്‍കി സഹായിച്ചവരുടെയും വിവരങ്ങള്‍ ശേഖരിക്കും.

ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താന്‍ ആവശ്യമായ അന്വേഷണം നടത്തി മേല്‍നടപടി സ്വീകരിക്കും.  നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയതു  സംബന്ധിച്ച്  ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജി മാരും എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചു.