ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ മയക്കുമരുന്ന് ബന്ധം അന്വേഷിക്കണമെന്ന് പോലീസ്

 | 
E bull Jet
ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്.

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പോലീസ് പുതിയ വാദം ഉന്നയിക്കുന്നത്. മയക്കുമരുന്ന് കടത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും പോലീസ് ആവശ്യപ്പെടുന്നു. 

യൂട്യൂബ് ചാനലിലൂടെ കഞ്ചാവ് ചെടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ദൃശ്യങ്ങള്‍ ഇവര്‍ നല്‍കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതു കൂടാതെ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവെച്ചിട്ടുണ്ടെന്നും പോലീസ് ആരോപിക്കുന്നു. ഇവര്‍ അറസ്റ്റിലായതിന് പിന്നാലെ സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് അറിയിച്ചു. 

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെടുന്നത്. കണ്ണൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടി ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് ഓഗസ്റ്റ 9നാണ് ഇവര്‍ അറസ്റ്റിലായത്. വാഹനം രൂപമാറ്റം വരുത്തിയ സംഭവത്തിന് എംവിഡി ഉദ്യോഗസ്ഥര്‍ ഇവരെ വിളിച്ചു വരുത്തിയിരുന്നു. കേസില്‍ പിഴ ചുമത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ ഓഫീസില്‍ ബഹളമുണ്ടാക്കിയത്. 

ഇതോടെ പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. അടുത്ത ദിവസം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. വാഹനം രൂപമാറ്റം വരുത്തിയ കേസില്‍ പിഴയടയ്ക്കാമെന്ന് കോടതിയില്‍ അറിയിച്ചതോടെയാണ് സഹോദരന്‍മാര്‍ക്ക് ജാമ്യം ലഭിച്ചത്.