വാഹന പരിശോധനയ്ക്കിടെ മൂന്നു വയസുകാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പോലീസ്

 | 
Police

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മൂന്നു വയസുകാരിയെ കാറിനുള്ളില്‍ പോലീസ് പൂട്ടിയിട്ടതായി പരാതി. ഫെബ്രുവരി 23ന് നടന്ന സംഭവത്തിലാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയത്. തിരുവനന്തപുരം, ബാലരാമപുരത്തു വെച്ച് നടന്ന സംഭവത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഷിബുകുമാറും ഭാര്യ അഞ്ജന സുരേഷുമാണ് പരാതിയുമായി രംഗത്തെത്തിയത്. 

കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ ബാലരാമപുത്തു വെച്ച് പോലീസ് തടഞ്ഞു. വാഹനം അമിതവേഗതയില്‍ ആയിരുന്നുവെന്നും 1500 രൂപ പിഴയടയ്ക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഗാനമേള കലാകാരനാണ് താനെന്നും ഭാര്യ ഗായികയാണെന്നും വ്യക്തമാക്കിയ ഷിബുകുമാര്‍ ഒരു വര്‍ഷത്തിലേറെയായി പരിപാടികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അത്രയും തുക പിഴയടയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. 

പോലീസ് ഇത് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പിഴയടച്ച മടങ്ങുകയായിരുന്നു. ഇതിനിടയില്‍ അമിത വേഗതയില്‍ പോകുന്ന മറ്റു വാഹനങ്ങള്‍ എന്തുകൊണ്ട് തടയുന്നില്ല എന്ന് ചോദിച്ച ഷിബുകുമാറിനെ പോലീസ് മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. അഞ്ജന ഇതു കണ്ട് കാറിന് പുറത്തിറങ്ങുകയും ദൃശ്യങ്ങള്‍ ഫോണില്‍ ഷൂട്ട് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. 

ഇതോടെ കാറിനടുത്തേക്ക് എത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ താക്കോല്‍ ഊരിയെടുക്കുകയും ഡോര്‍ ലോക്ക് ചെയ്യുകയും ചെയ്തു. ഈ സമയത്ത് കുട്ടി കാറിനുള്ളില്‍ നിലവിളിക്കുകയായിരുന്നു. കേസെടുത്ത് അകത്താക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത്. കുട്ടി കരഞ്ഞതോടെ തങ്ങള്‍ പിന്‍വാങ്ങുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവം കണ്ടതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.