ലഹരി മരുന്ന് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; കാക്കനാട് ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്

 | 
Fallen

കാക്കനാട് ലഹരി പാര്‍ട്ടിക്കിടെ പരിശോധനയ്‌ക്കെത്തിയ പോലീസിനെ കണ്ട് ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവിന് ഗുരുതര പരിക്ക്. പുതുവത്സരം ആഘോഷിക്കാനായി ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരം അറിഞ്ഞ് തൃക്കാക്കര നവോദയയിലുള്ള ഫ്‌ളാറ്റില്‍ പോലീസ് എത്തിയപ്പോഴാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെയാണ് പോലീസ് എത്തിയത്. കായംകുളം സ്വദേശി അതുല്‍ (22) ആണ് രക്ഷപ്പെടാനായി ചാടിയത്.

ഇയാളുടെ കൈക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. ഫ്‌ളാറ്റിലെ കാറുകള്‍ പാര്‍ക്ക് ചെയ്യുന്ന ഷെഡിന്റെ അലൂമിനിയം ഷീറ്റിലേക്കായിരുന്നു വീഴ്ച. വീഴ്ചയുടെ ആഘാതത്തില്‍ യുവാവ് ഷീറ്റ് തുളച്ച് താഴേക്ക് പതിച്ചു. ഇയാളെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസും തൃക്കാക്കര പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ഒരു യുവതി ഉള്‍പ്പെടെ ഏഴുപേരാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. എല്ലാവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎ, ഹാഷിഷ് ഓയില്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.