കാക്കി കുത്തകയാക്കാന്‍ ഒരുങ്ങി പോലീസ്; മറ്റു വകുപ്പുകള്‍ ഉപയോഗിക്കരുതെന്ന് ഡിജിപി സര്‍ക്കാരിനോട്
കാക്കി നിറത്തിലുള്ള യൂണിഫോം മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗിക്കുന്നതിന് എതിരെ പോലീസ്. മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ കാക്കി യൂണിഫോം ധരിക്കുന്നത് നിര്‍ത്തണമെന്ന് ഡിജിപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പോലീസ് യൂണിഫോമിന് സമാനമായ കാക്കി വസ്ത്രം ധരിച്ച് മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയിലും മറ്റും തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പരാതി.
പോലീസ്, ജയില്‍, ഫയര്‍ ഫോഴ്‌സ്, വനം വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് കാക്കി യൂണിഫോം ഉള്ളത്. എന്നാല്‍ പോലീസിലുള്ളതു പോലെയുള്ള ബെല്‍റ്റോ ചിഹ്നങ്ങളോ അല്ല മറ്റുള്ളവര്‍ ഉപയോഗിക്കുന്നത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, സ്റ്റുഡന്റ്‌സ് പോലീസ് ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ക്ക് കാക്കി യൂണിഫോമും തോളില്‍ സ്റ്റാറും ഉണ്ട്. പോലീസ് ആക്ട് അനുസരിച്ച് പോലീസ് യൂണിഫോമിന് സമാനമായ വസ്ത്രം ധരിക്കുന്നത് തെറ്റാണ്. ഇക്കാര്യം എഡിജിപിമാരുടെ യോഗത്തിലാണ ചര്‍ച്ച ചെയ്തത്.
പോലീസ് സേനാംഗങ്ങള്‍ അല്ലാത്ത ഉദ്യോഗസ്ഥര്‍ കാക്കി ധരിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് എഡിജിപി പത്മകുമാര്‍ പരാതിപ്പെട്ടു. സോഷ്യല്‍ മീഡിയയിലെ ഇവരുടെ ചിത്രങ്ങള്‍ പോലീസുകാരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ്. എല്ലാവരും പോലീസ് ചമയേണ്ടെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇതോടെ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.