ചുരുളിയില്‍ നിയമലംഘനമില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; ഭാഷയും സംസാരവും കഥാസന്ദര്‍ഭത്തിന് യോജിച്ചത്
ചുരുളി സിനിമയില്‍ നിയമലംഘനമില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് ഡിജിപി നിയോഗിച്ച മൂന്നംഗ സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കി. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ചിത്രം കണ്ടതിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രത്തലെ ഭാഷയും സംഭാഷണവും കഥാസന്ദര്‍ഭത്തിന് യോജിച്ചതാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചുരുളിയെന്ന സാങ്കല്‍പിക ഗ്രാമത്തിന്റെ കഥയാണ് സിനിമയില്‍ പറയുന്നത്. നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും പോലീസ് റിപ്പോര്‍ട്ട് പറയുന്നു. ചുരുളി പൊതു ധാര്‍മികതയ്ക്ക് നിരക്കാത്ത സിനിമയാണെന്നും ഒടിടിയില്‍ നിന്ന് ചിത്രം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ പെഗ്ഗിഫെന്‍ എന്ന അഭിഭാഷകയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചിത്രത്തിലെ സംഭാഷണങ്ങള്‍ കുട്ടികളുടെയും സ്ത്രീകളുടെയും അന്തസിനെ കളങ്കപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതില്‍ കൈകടത്താന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും കോടതി വ്യക്തമാക്കി.
ചിത്രത്തില്‍ നിയമപരമായ പ്രശ്‌നങ്ങളുണ്ടോ എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എഡിജിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ. നസീമ എന്നിവരടങ്ങുന്ന സമിതിയെ ഡിജിപി നിയോഗിച്ചത്. ആദ്യമായാണ് സിനിമയില്‍ നിയമലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ പോലീസിനെ നിയോഗിക്കുന്നത്. സമിതി നല്‍കിയ റിപ്പോര്‍ട്ട് ഇനി ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.