സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പോലീസ്; 4 പ്രതികള്‍ പിടിയില്‍

 | 
Sandeep

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പോലീസ്. കേസിലെ മുഖ്യപ്രതിയായ ജിഷ്ണുവിന് സന്ദീപുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എന്നാല്‍ ഇയാളുടെ മാതാവിന് ബിവറേജസ് കോര്‍പറേഷന്റെ റം നിര്‍മാണശാലയിലുണ്ടായിരുന്ന ജോലി നഷ്ടപ്പെടാന്‍ സന്ദീപ് കാരണമായെന്നും അതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നുമാണ് പോലീസ് ഭാഷ്യം.

കേസില്‍ ജിഷ്ണു ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി ഫൈസല്‍, നന്ദു, പ്രമോദ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. മറ്റൊരു പ്രതിയായ വേങ്ങല്‍ സ്വദേശി അഭിയ്ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. പ്രതികളെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നിശാന്തിനി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു വരികയാണ്. കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മോഷണക്കേസില്‍ ഉള്‍പ്പെടെ ആറോളം കേസുകളില്‍ പ്രതിയായ ജിഷ്ണു ജയിലില്‍ വെച്ചാണ് ഫൈസലിനെ പരിചയപ്പെട്ടത്. ഇവര്‍ സമീപകാലത്താണ് ജയില്‍ മോചിതരായത്.

വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് കൊല നടന്നത്. സന്ദീപിന്റെ വീടിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കാറുള്ള കലുങ്കിന് അടുത്തുവെച്ചാണ് ആക്രമണമുണ്ടായത്. വെട്ടേറ്റ് പ്രാണരക്ഷാര്‍ത്ഥം വയലിലേക്ക് ഓടിയ സന്ദീപിനെ അവിടെയിട്ടും അക്രമികള്‍ വെട്ടി. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം വ്യക്തമാക്കി.