കുസാറ്റിലെ പരിപാടിയെക്കുറിച്ച് അറിയിച്ചില്ലെന്ന് പോലീസ്; അറിയിച്ചെന്ന് സർവകലാശാല

 | 
Cusat

 

കുസാറ്റിൽ സംഗീത പരിപാടി നടക്കുന്നതിനെക്കുറിച്ച് രേഖാമൂലം അറിയിച്ചില്ലെന്ന് പോലീസ്. കൊച്ചി ഡിസിപി കെ എസ് സുദർശനാണ് ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ അനുമതിക്കായി സംഘാടകർ അപേക്ഷ നൽകിയിട്ടില്ല. വിദ്യാർത്ഥികൾ തമ്മിൽ കുറച്ചു ദിവസങ്ങളായി പ്രശ്നങ്ങളുള്ളതിനാൽ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. പോലീസിനെ ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പും സർവകലാശാലയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് സുദർശൻ പറഞ്ഞു. ഇക്കാര്യത്തിൽ സംഘാടകരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

എന്നാൽ പരിപാടി നടക്കുന്ന കാര്യം വാക്കാൽ പോലീസിനെ അറിയിച്ചിട്ടുണ്ടായിരുന്നുവെന്നാണ് സർവകലാശാലയുടെ വിശദീകരണം. അതുസരിച്ച് ആറ് പോലീസുകാർ എത്തിയിരുന്നതായി വൈസ് ചാൻസലർ ഡോ.പി.ജി.ശങ്കരൻ പറഞ്ഞു. പരിപാടിയുടെ സ്വഭാവം എന്തായിരിക്കുമെന്നും എത്രപേർ വരുമെന്ന കാര്യവും എത്ര പോലീസുകാർ വേണമെന്നും വ്യക്തമാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും വിസി വ്യക്തമാക്കി. 

പരിപാടി തുടങ്ങുന്നതിലും കുട്ടികളെ അകത്തു കയറ്റുന്നതിലും താമസമുണ്ടായി. ആദ്യം രജിസ്റ്റർ ചെയ്ത കുട്ടികളെയും പിന്നീട് രജിസ്റ്റർ ചെയ്യാത്തവരെയും അതിനു ശേഷം സ്ഥലമുണ്ടെങ്കിൽ പുറത്തു നിന്നുള്ളവർ എന്ന രീതിയിലായിരുന്നു പ്രവേശനം സംബന്ധിച്ച് നിർദേശം നൽകിയിരുന്നത്. എന്നാൽ ഏഴു മണിക്ക് പരിപാടി തുടങ്ങുമെന്ന് കരുതി പുറത്തു നിന്നവർ അകത്തേക്ക് ഇടിച്ചു കയറുകയും പടികളിൽ നിന്നവർ വീഴുകയുമായിരുന്നെന്നാണ് പ്രാഥമിക റിപ്പോർട്ടെന്നും വിസി പറഞ്ഞു.