പോലീസിന്റെ ‘വാച്ച് ദ ചിൽഡ്രൻ’ പദ്ധതി; കുടുങ്ങിയത് 107 വിദ്യാർത്ഥികൾ

 | 
dd


സ്കൂളിൽ നിന്നും മുങ്ങുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ കണ്ണൂർ പോലീസ് നടപ്പാക്കിയ ‘വാച്ച് ദ ചിൽഡ്രൻ’ വഴി കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 107 വിദ്യാർത്ഥികളാണ് കുടുങ്ങിയത്. വിദ്യാർത്ഥികൾ ക്ലാസ് സമയങ്ങളിൽ ബീച്ചുകൾ, മാളുകൾ, കോട്ട, ബസ് സ്റ്റാൻഡുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ കറങ്ങി നടക്കുന്നതായും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായും വ്യാപകമായി പരാതികൾ ലഭിച്ചതോടെയാണ് പോലീസ് ഇത്തരത്തിൽ ാെരു പദ്ധതിയ്‌ക്ക് രൂപം നൽകിയത്.

പിങ്ക് പോലീസാണ് ക്ലാസിൽ കയറാതെ കറങ്ങുന്ന വിദ്യാർത്ഥികളെ പിടിക്കുക. സ്‌കൂൾ പ്രിൻസിപ്പൽമാർ, മുഖ്യാദ്ധ്യാപകർ, വനിതാ പോലീസ് ഇൻസ്പെക്ടർ, വനിതാ, പിങ്ക് പോലീസ് എസ്ഐമാർ എന്നിവർ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പ് ഇതിന് വേണ്ടി തുടങ്ങിയിട്ടുണ്ട്. വേഷം മാറിയെത്തുന്ന പോലീസുകാർ ചുറ്റിക്കറങ്ങുന്ന വിദ്യാർത്ഥികളോട് കാര്യങ്ങൾ അന്വേഷിക്കുകയാണ് ആദ്യം ചെയ്യുന്നത്. വ്യക്തമായ കാരണം ബോധ്യപ്പെട്ടില്ലെങ്കിൽ വിദ്യാർത്ഥികളെ വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ആവശ്യമായ ഉപദേശങ്ങൾ നൽകിയാണ് ഇവിടെ നിന്നും ഇവരെ വിട്ടയക്കുക.