കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലം; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഒരുമിച്ച് നിന്നാൽ ഇടതു മുന്നണിയെ പപ്പടം പോലെ പൊടിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ്, പാർലമെന്റിൽ വലിയ വിജയം നൽകിയ ജനതയാണ് കോട്ടയത്തേത്. സിപിഐഎം ദേശീയതലത്തിൽ ആരുടെ കൂടെ നിൽക്കുമെന്ന് അറിയില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കരുതലോടെ നീങ്ങാനാണ് കോൺഗ്രസ് നീക്കം. നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തി ബിജെപി കെണിയിൽ ചാടരുതെന്ന് പ്രവർത്തകസമിതിയിൽ രാഹുൽ ഗാന്ധി നിർദേശിച്ചു. ജനകീയ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി തന്ത്രത്തിൽ നേതാക്കൾ കുടുങ്ങരുതെന്നാണ് നിർദേശം. തെരഞ്ഞെടുപ്പിന് സജ്ജമാകാൻ പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.