മാവേലി എക്‌സ്പ്രസില്‍ പോലീസിന്റെ ചവിട്ടേറ്റയാള്‍ ക്രിമിനല്‍ കേസ് പ്രതി പൊന്നന്‍ ഷമീര്‍; തെരച്ചില്‍ ആരംഭിച്ചു

 | 
Ponnan Shameer

മാവേലി എക്‌സ്പ്രസില്‍ എഎസ്‌ഐയുടെ മര്‍ദ്ദനമേറ്റയാള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൊന്നന്‍ ഷമീര്‍ എന്നറിയപ്പെടുന്ന കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) ആണെന്ന് പോലീസ്. സംഭവം വിവാദമാകുകയും ഇയാളെ മര്‍ദ്ദിച്ച എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്. പോലീസ് ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു.

മദ്യലഹരിയില്‍ യാത്ര ചെയ്തിരുന്ന ഇയാളെ എഎസ്‌ഐ ചവിട്ടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന ഇയാള്‍ യാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവം വിവാാദമായതോടെയാണ് ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചത്.

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും വടകര സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഷമീറിനെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും പോലീസ് പറയുന്നു. കൂത്തുപറമ്പ് സ്വദേശിയായ പൊന്നന്‍ ഷമീര്‍ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസം.

പീഡനക്കേസിലടക്കം പ്രതിയായ ഷമീറിനെതിരേ മാല പൊട്ടിക്കല്‍, ഭണ്ഡാര കവര്‍ച്ച തുടങ്ങിയ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ചില കേസുകളില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.