പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഗള്‍ഫില്‍ ബാറും റെസ്റ്റോറന്റും, മൂന്നാറില്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം; വെളിപ്പെടുത്തലുമായി ഇഡി

 | 
Popular Front

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഗള്‍ഫിലും കേരളത്തിലും ഹോട്ടല്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റെയ്ഡില്‍ ഇവ സംബന്ധിച്ച രേഖകള്‍ ലഭിച്ചെന്ന് ഇഡി പ്രസ്താവനയില്‍ പറയുന്നു. നേതാക്കളുടെ ഉടമസ്ഥതയില്‍ അബുദാബിയില്‍ ബാറും റെസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മൂന്നാറിനടുത്ത് മാങ്കുളത്ത് വില്ല വിസ്റ്റ പ്രോജക്ടില്‍ ഇവര്‍ക്ക് നിക്ഷേപമുണ്ടെന്നുമാണ് ഇഡി അറിയിച്ചത്.

ഇവ കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്ന് തിരിച്ചറിഞ്ഞുവെന്ന് വാര്‍ത്താക്കുറിപ്പ് പറയുന്നു. വിദേശത്തെ വസ്തുവകകള്‍ സംബന്ധിച്ച രേഖകളും മറ്റു നിരവധി തെളിവുകളും പരിശോധനയില്‍ കണ്ടെത്തി. ഓഫീസുകളില്‍ നിന്നാണ് ഇവയുടെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എട്ടാം തിയതിയാണ് റെയ്ഡ് നടന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡ് തടയാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു.

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പില്‍ പോപ്പുലര്‍ഫ്രണ്ട് ഡിവിഷനല്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ്, മൂവാറ്റുപുഴയിലെ എസ്ഡിപിഐ നേതാവ് എം.കെ.അഷറഫ് എന്ന തമര്‍ അഷറഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രൊജക്ടിലെ ഓഫിസിലും റെയ്ഡ് നടന്നിരുന്നു. കൊച്ചിയില്‍ തമര്‍ അഷറഫിന്റെ വീട്ടിലെ റെയ്ഡ് അഞ്ഞൂറോളം പ്രവര്‍ത്തര്‍ എത്തിയാണ് തടയാന്‍ ശ്രമിച്ചത്. ഈ സംഭവങ്ങളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.