പോത്തന്‍കോട്ട് യുവാവിനെ കൊലപ്പെടുത്തി കാല്‍ വെട്ടി റോഡിലെറിഞ്ഞ സംഭവം; ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം, പോത്തന്‍കോട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കണിയാപുരം സ്വദേശി രഞ്ജിത്ത് (28) ആണ് പിടിയിലായത്. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായ രഞ്ജിത്ത് എന്നാണ് വിവരം. 12 പേര്‍ കൊലയില്‍ നേരിട്ടു പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അക്രമി സംഘത്തെ കണ്ട് പ്രാണരക്ഷാര്‍ത്ഥം വീട്ടിലേക്ക് ഓടിക്കയറി രഞ്ജിത്തിനെ ഗുണ്ടാസംഘം വീട്ടിനുള്ളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നിലാണ് കൊല നടത്തിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഒട്ടകം രാജേഷ് എന്ന ഗുണ്ടയും സംഘവുമാണ് തന്നെ ആക്രമിച്ചതെന്ന് മരിക്കുന്നതിന് മുന്‍പ് സുധീഷ് പോലീസിനോട് പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സുധീഷിനെ വെട്ടിയശേഷം കാല്‍വെട്ടിയെടുത്ത് ബൈക്കില്‍ പോയ അക്രമികള്‍ അര കിലോമീറ്റര്‍ അകലെ റോഡില്‍ വലിച്ചെറിയുകയായിരുന്നു. സിസിടിവി ക്യാമറകളില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട സുധീഷിന് എതിരെ മംഗലപുരം, ആറ്റിങ്ങല്‍ സ്റ്റേഷനുകളിലായി വധശ്രമത്തിനുള്‍പ്പെടെ നിരവധി കേസുകളുണ്ട്.