പ്രദീപിന്റെ മൃതദേഹം കേരളത്തില്‍; വാളയാറില്‍ മന്ത്രിമാര്‍ ഏറ്റുവാങ്ങി
കൂനൂര്‍ ഹെലികോപ്ടര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട മലയാളി എ.പ്രദീപിന്റെ മൃതദേഹം കേരളത്തില്‍ എത്തി. സൂലൂരില്‍ നിന്ന് റോഡ് മാര്‍ഗ്ഗം കേരളത്തിലേക്ക് തിരിച്ച വിലാപയാത്ര വാളയാറിലെത്തിയപ്പോള്‍ മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, കെ.രാജന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹത്തില്‍ മന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി.
വാളയാറില്‍ നിന്ന് വിലാപയാത്ര തൃശൂരിലേക്ക് യാത്ര തുടരുകയാണ്. നിരവധി പേരാണ് റോഡരികില്‍ വിലാപയാത്രയ്ക്കായി കാത്തുനില്‍ക്കുന്നത്. പൊന്നൂക്കരയില്‍ പ്രദീപ് പഠിച്ച സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഒരു മണിക്കൂറോളം സമയം ഇവിടെ പൊതുദര്‍ശനമുണ്ടാകും. പിന്നീട് പൊന്നൂക്കരയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
പൂര്‍ണ്ണ സൈനിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. അപകടമുണ്ടായ വ്യാഴാഴ്ച രാത്രി തന്നെ പ്രദീപിന്റെ ഭാര്യയെയും മക്കളെയും പൊന്നൂക്കരയിലെ വീട്ടില്‍ എത്തിച്ചിരുന്നു.