ചെന്നിത്തലയ്ക്ക് ലോക്‌സഭാ സീറ്റ് കിട്ടിയത് എന്‍എസ്എസ് പിന്തുണയിലെന്ന് പ്രതാപവര്‍മ്മ തമ്പാന്‍

 | 
Prathapa Varma Thampan

കോണ്‍ഗ്രസില്‍ പുതിയ കലാപത്തിന് തുടക്കമിട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപവര്‍മ്മ തമ്പാന്‍. രമേശ് ചെന്നിത്തലയ്ക്ക് ലോക്‌സഭയില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടിയത് എന്‍എസ്എസ് പിന്തുണകൊണ്ടാണെന്ന് തമ്പാന്‍ പറഞ്ഞു. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒതുക്കാന്‍ ശ്രമിച്ച കെ.സി.വേണുഗോപാല്‍ പാര്‍ട്ടിയില്‍ ഉയരങ്ങളിലെത്തിയെന്നും തമ്പാന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഹരിപ്പാട് സീറ്റ് ഒഴിഞ്ഞു കൊടുത്തയാളാണ്. എന്നിട്ടിപ്പോള്‍ കരഞ്ഞു നടക്കുകയാണെന്നും തമ്പാന്‍ തുറന്നടിച്ചതോടെ വേദിയിലുണ്ടായിരുന്ന ബാബു പ്രസാദ് ഇടപെട്ടു. ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ എ.എ.ഷുക്കൂര്‍, എം.ലിജു, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും തമ്പാനെതിരെ രംഗത്തെത്തി.

1982ല്‍ ഹരിപ്പാട് മണ്ഡലത്തില്‍ മത്സരിക്കുകയും പിന്നീട് മന്ത്രിയാകുകയും ചെയ്ത ചെന്നിത്തലയ്ക്ക് സീറ്റ് ലഭിക്കാന്‍ എന്‍എസ്എസ് ഇടപെടേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. തമ്പാന്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ഹരിപ്പാടു നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എഴുന്നേറ്റതോടെ ബഹളം ആരംഭിച്ചു. സംഭവത്തില്‍ കെപിസിസിക്ക് പരാതി നല്‍കണമെന്ന് ചെന്നിത്തലയ്‌ക്കൊപ്പം നില്‍ക്കുന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. ഡിസിസി നേതൃത്വം കെപിസിസിക്കും എഐസിസിക്കും പരാതി നല്‍കി.