കോഴിക്കോട് ഭക്ഷ്യ വിഷബാധയുണ്ടായ പ്രദേശത്തെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം
കോഴിക്കോട് ഭക്ഷ്യവിഷബാധയുണ്ടായ നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് മൂന്നു കിണറുകളിലെ വെള്ളം പരിശോധിച്ചിരുന്നു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
വരന്റെയും വധുവിന്റെയും വീട്ടിലെയും കേറ്ററിംഗ് സ്ഥാപനത്തിലെയും കിണറുകളിലെ വെള്ളത്തിലാണ് വിബ്രിയ കോളറ ബാക്ടീരിയയുള്ളതായി സ്ഥിരീകരിച്ചത്. എന്നാല്‍ മരിച്ച കുട്ടിയും ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കോളറ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നരിക്കുനി, കാക്കൂര്‍, താമരശ്ശേരി പഞ്ചായത്തുകളിലെ കിണര്‍ വെള്ളം പരിശോധിച്ചിരുന്നു.
നരിക്കുനിയില്‍ ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. കാക്കൂര്‍ കുട്ടമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കേറ്ററിംഗ് സ്ഥാപനത്തില്‍ നിന്നാണ് വിവാഹത്തിന് ഭക്ഷണം എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് കേറ്ററിംഗ് കേന്ദ്രവും ഒരു ബേക്കറിയും ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചിരുന്നു.