ജോജുവിനെതിരായ പ്രതിഷേധം കൂടുതല്‍ സിനിമകളിലേക്ക്; 'കീടം' ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

 | 
Keedam

റോഡ് ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച ജോജു ജോര്‍ജിനോടുള്ള പ്രതിഷേധം കൂടുതല്‍ സിനിമകളിലേക്ക് വ്യാപിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. ശ്രീനിവാസന്‍ നായകനാകുന്ന കീടം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. എറണാകുളം പുത്തന്‍കുരിശ് റെസ്റ്റ് ഹൗസിലായിരുന്നു ഷൂട്ടിംഗ്. സര്‍ക്കാര്‍ റെസ്റ്റ് ഹൗസ് സിനിമാ ചിത്രീകരണത്തിന് ഉപയോഗിച്ചു, റോഡ് കയ്യേറി ഷൂട്ടിംഗ് നടത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

കഴിഞ്ഞ ദിവസം പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ സിനിമയുടെ ലൊക്കേഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്നായിരുന്നു ആരോപണം. ജോജുവിന് എതിരായുള്ള മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ ഉയര്‍ന്നു.

കോണ്‍ഗ്രസ് പ്രതിഷേധം സിനിമാ ചിത്രീകരണങ്ങളെ ബാധിക്കുന്നതിനെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് തുറന്ന കത്ത് എഴുതിയിരുന്നു. ഒരു കലാകാരനുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ, ഒരു കലാരൂപത്തോട്, ഒരു തൊഴില്‍ മേഖലയോട് ആകെയുള്ള വിദ്വേഷമായി വളരാന്‍  കോണ്‍ഗ്രസ് പോലെയൊരു ജനാധിപത്യപ്രസ്ഥാനം അനുവദിക്കരുതെന്ന് കത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷനേതാവ് ഇടപെടണം. ഒരു കലാകാരന്‍ എന്ന നിലയില്‍ ജോജുവിന്റെ ആത്മാഭിമാനത്തെ മാനിക്കുന്ന ഒരു ഒത്തുതീര്‍പ്പാവുമല്ലോ, തീര്‍ച്ചയായും, കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നതെന്നും ബി.ഉണ്ണികൃഷ്ണന്‍ കത്തില്‍ പറഞ്ഞിരുന്നു.