സമരത്തിനെതിരെ പ്രതിഷേധം; നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു

 | 
Car

കൊച്ചി: വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്തു. നടന്റെ ലാന്‍ഡ് റോവര ഡിഫന്‍ഡറിന്റെ ചില്ലാണ് സമരക്കാര്‍ തല്ലിത്തകര്‍ത്തത്. ജോജുവിനെ ആക്രമിക്കാനും ചിലര്‍ ശ്രമിച്ചതോടെ പോലീസ് ഇടപെടുകയും നടനെ മാറ്റുകയുമായിരുന്നു.

മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നീണ്ടതോടെയാണ് വഴിയില്‍ കുടുങ്ങിയ ജോജു സമരക്കാര്‍ക്കെതിരെ തിരിഞ്ഞത്. പ്രതിഷേധിച്ച ജോജുവും സമരക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ജോജു കാറില്‍ കയറാനെത്തിയപ്പോഴാണ് സമരക്കാരില്‍ ചിലര്‍ എത്തി വാഹനത്തിന്റെ ചില്ല് തകര്‍ത്തത്. കാര്‍ തകര്‍ത്തതില്‍ പങ്കില്ലെന്നും ജോജു മദ്യപിച്ചിരുന്നതായും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ജോജുവിന്റെ കാറിനുള്ളില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നുവെന്നും ഇത് പോലീസിനെ കാണിച്ചുവെന്നും നേതാക്കള്‍ പറഞ്ഞു. സിനിമാ സ്റ്റൈലില്‍ ഷോ കാണിക്കുകയാണ് നടന്‍ ചെയ്തത്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടെ ജോജു അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

ഇന്ധന വിലവര്‍ദ്ധനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് കൊച്ചി, ഇടപ്പള്ളി-അരൂര്‍ ബൈപ്പാസില്‍ ഉപരോധം നടത്തിയത്. കാറുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ 1500ഓളം വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് ബൈപ്പാസിന്റെ ഒരു വശം ഉപരോധിക്കുകയായിരുന്നു.