പ്രതിഷേധക്കാര്‍ തടഞ്ഞു; പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈഓവറില്‍ കുടുങ്ങി, സുരക്ഷാ വീഴ്ചയെന്ന് കേന്ദ്രം
കര്‍ഷക പ്രതിഷേധത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈഓവറില്‍ കുടുങ്ങി. 20 മിനിറ്റോളം പ്രധാനമന്ത്രി സഞ്ചരിച്ച വാഹനവും അകമ്പടി വാഹനങ്ങളും ഫ്‌ളൈ ഓവറില്‍ നിര്‍ത്തിയിടേണ്ടി വന്നു. ഇതേത്തുടര്‍ന്ന് ഫിറോസ്പൂരിലെ പരിപാടി മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. ഹുസൈനിവാലയിലെ ദേശീയ്‌സമാരകത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഹെലികോപ്ടറില്‍ പോകാനായിരുന്നു പദ്ധതിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. വന്‍ സുരക്ഷാവീഴ്ചയാണ് സംഭവത്തിലുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെയാണ് പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞത്. രണ്ടു മണിക്കൂര്‍ നീളുന്ന യാത്രയ്ക്കിടെ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പഞ്ചാബ് ഡിജിപി വ്യക്തമാക്കിയതോടെയാണ് പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാര്‍ഗ്ഗമാക്കിയത്. സംഭവം പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും കേന്ദ്രവുമായി പുതിയ ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ യാത്രയുടെ വിവരങ്ങള്‍ നേരത്തേ തന്നെ പഞ്ചാബ് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും അതിനാവശ്യമായ തയ്യാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടതായിരുന്നെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്തേണ്ടതായിരുന്നു. സംഭവത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടു.