തെരുവു നായകൾക്ക് ഭക്ഷണകേന്ദ്രങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി

തെരുവിൽ കഴിയുന്ന നായകൾക്ക് ഭക്ഷണകേന്ദ്രങ്ങൾ ഒരുക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി.
 | 

 

തെരുവു നായകൾക്ക് ഭക്ഷണകേന്ദ്രങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി

 

 

തെരുവിൽ കഴിയുന്ന നായകൾക്ക് ഭക്ഷണകേന്ദ്രങ്ങൾ ഒരുക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. ഭക്ഷണം നൽകാൻ സർക്കാർ പൊതുകേന്ദ്രങ്ങൾ ഒരുക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

തിരുവന്തപുരത്ത് വളര്‍ത്തുനായയെ കൊന്നതുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ എ കെ ജയശങ്കര്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
‘തെരുവ് നായ്ക്കള്‍ വിശക്കുമ്പോഴാണ് അക്രമാസക്തരാവുന്നത്. അവ ഭക്ഷണവും വെള്ളവും മാത്രമാണ് തേടുന്നത്. അതിനായി പൊതുഭക്ഷണ കേന്ദ്രം സ്ഥാപിക്കാനായാല്‍ പാതി പ്രശ്നം പരിഹരിക്കപ്പെടും’ എന്നും കോടതി വ്യക്തമാക്കി.

നായ്ക്കള്‍ക്കുള്ള ഭക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ പ്രദേശവാസികളെ ആക്രമിക്കില്ലെന്ന നിലയുണ്ടാകും, നായ്ക്കളുടെ ഭയം ഇല്ലാതാക്കുമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. ഹര്‍ജി കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓര്‍ഗനൈസേഷനുകള്‍ക്കോ അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കോ മാത്രമേ ഭക്ഷണം നല്‍കാൻ അനുവാദം നല്‍കാവു എന്നും കോടതി നിര്‍ദ്ദേശിച്ചു.വളര്‍ത്തുമൃഗങ്ങളെ അവരുടെ ഉടമസ്ഥര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇക്കാര്യത്തിൽ സര്‍ക്കുലര്‍ വേ​ഗത്തിൽ പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടു.

ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏഴ് മൃഗസംരക്ഷണ സംഘടനകളും നാല് സ്വകാര്യ ഷെല്‍ട്ടറുകളും മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് അമിക്കസ് ക്യൂറി സുരേഷ് മേനോന്‍ കോടതിയെ അറിയിച്ചു. ഇതിനു പുറമെ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന 17 ഷെല്‍ട്ടറുകള്‍ അവരുടെ വസതികളില്‍ ഉണ്ടെന്നും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.