പ്രകോപനകരമായ പ്രസംഗം; വത്സന്‍ തില്ലങ്കേരിക്കെതിരെ പോലീസ് കേസെടുത്തു
പ്രകോപനകരമായ പ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസെടുത്തു. 200 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് പ്രകോപനകരമായ പരാമര്‍ശങ്ങള്‍ വത്സന്‍ തില്ലങ്കേരി നടത്തിയത്. ആര്‍.എസ്.എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളി ആര്‍.എസ്.എസ് സ്വീകരിക്കുമെന്നായിരുന്നു പരാമര്‍ശം.
വെല്ലുവിളി സ്വീകരിക്കല്‍ ആര്‍.എസ്.എസിന്റെ രീതിയല്ല. അത് ഞങ്ങള്‍ കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇപ്പോള്‍ തുടര്‍ച്ചയായി ഏകപക്ഷീയമായി നിരപരാധികളായ ആളുകളെ കൊന്നു തള്ളിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. പോപ്പുലര്‍ ഫ്രണ്ടിനെ അടക്കാന്‍ സര്‍ക്കാരിന് ആകുന്നില്ലെങ്കില്‍ അവരെ അടക്കാന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുണ്ട്. ആ കരുത്ത് പ്രകടിപ്പിക്കുക തന്നെ ചെയ്യും.
പോപ്പുലര്‍ ഫ്രണ്ട് എണ്ണം പറഞ്ഞ ലക്ഷണമൊത്ത രാജ്യവിരുദ്ധ പ്രസ്ഥാനമാണ്. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും വത്സന്‍ തില്ലങ്കേരി പ്രസംഗത്തില്‍ പറഞ്ഞു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനകരമായ മുദ്രാവാക്യം വിളിക്കല്‍ തുടങ്ങിയ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.