പി.ടി.തോമസ് എംഎല്‍എ അന്തരിച്ചു

 | 
PT Thomas

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 70 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1991ല്‍ തൊടുപുഴ മണ്ഡലത്തില്‍ നിന്നാണ് പി.ടി.തോമസ് ആദ്യമായി നിയമസഭയില്‍ എത്തിയത്. പിന്നീട് 2001ലും തൊടുപുഴയില്‍ നിന്ന് അദ്ദേഹം എംഎല്‍എയായി. പിന്നീട് 2009ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംപിയായി. തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്.

ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെ കടുത്ത എതിര്‍പ്പുകള്‍ നേരിട്ടിട്ടുള്ള നേതാവാണ് അദ്ദേഹം. പരിസ്ഥിതി വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. 1950ല്‍ ഇടുക്കി, ഉപ്പുതോട് പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച പി.ടി.തോമസ് തൊടുപുഴ ന്യൂമാന്‍ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു.

സ്‌കൂള്‍ കാലഘട്ടം മുതല്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2007ല്‍ ഇടുക്കി ഡിസിസി പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.