കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് പി.ടി.തോമസ്; എതിര്‍പ്പുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

 | 
KPAC Lalitha

കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ പി.ടി.തോമസ്. ഫെയിസ്ബുക്ക് പോസ്റ്റിലാണ് പി.ടി.തോമസ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം. അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെപിഎസി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും പി.ടി.തോമസ് പോസ്റ്റില്‍ പറയുന്നു.

കെപിഎസി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് എതിരെ പ്രതിപക്ഷ അനുകൂല പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പി.ടി.തോമസ് അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. പി.ടിയുടെ അഭിപ്രായ പ്രകടനത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കമന്റ് ബോക്‌സില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റിന് എതിരെ പ്രതികരണങ്ങള്‍ നിറയുകയാണ്.

പോസ്റ്റ് വായിക്കാം

കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരും.
പി ടി തോമസ് എം എല്‍ എ
കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്