കഷ്ടകാലസമയത്ത് പാർട്ടിയോടൊപ്പം നിൽക്കുന്നവരെയാണ് ആവശ്യമെന്ന് പി.ടി തോമസ്; അനില്‍കുമാറിനെ വിമർശിച്ച് ഷാഫി പറമ്പിലും

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ.പി അനില്‍കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളും എംഎൽഎമാരുമായ പി ടി തോമസും ഷാഫി പറമ്പിലും. കഷ്ടകാല സമയത്തും പാർട്ടിയോടൊപ്പം നിൽക്കുന്നവരെയാണ് കോൺഗ്രസിനാവശ്യമെന്ന് പി.ടി തോമസ് പറഞ്ഞു. അനില്‍കുമാര്‍ പാര്‍ട്ടി വിടുന്നത് എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷമാണെന്നും അദേഹം കൂട്ടിച്ചേർത്തു. ഇവരാണ് മുമ്പ് താക്കോൽ സ്ഥാനത്തിരുന്ന് നിരവധി പേരെ വെട്ടിക്കളഞ്ഞത്. പാർട്ടിക്ക് നൽകിയ വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് പാർട്ടി വിട്ടോടിയതെന്നും പി ടി തോമസ് പറഞ്ഞു.
കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്ത ആളെന്നായിരുന്നു അനിൽകുമാർ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ വിമര്‍ശനം. അനിൽകുമാറിൻ്റെയത്ര അവസരം ലഭിക്കാത്ത നിരവധി പ്രവര്‍ത്തകര്‍ കോൺഗ്രസിലുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റോ കെപിസിസി ഭാരവാഹിയോ ആകാത്തവരാണ് കൂടുതൽ പേരും. അനിൽകുമാറിനെ രണ്ടുതവണ നിയമസഭാ സീറ്റിലേക്ക് പരിഗണിച്ചെന്നതും ഷാഫി പറമ്പില്‍ ഓർമ്മിപ്പിച്ചു.
രാവിലെ കോൺഗ്രസ് വിട്ട കെ.പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നിരുന്നു . ഇതിന്റെ ഭാഗമായി എകെജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു, ഉപാധികളില്ലാതെയാണ് താൻ സിപിഎമ്മിലേക്ക് വന്നതെന്ന് അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പദവി സി.പി.ഐ.എം പിന്നീട് തീരുമാനിക്കും.ചുമന്ന് ഷാൾ അണിയച്ചായിരുന്നു കോടിയേരി സ്വീകരിച്ചത്.
കോൺഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരിഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി പി എം പിന്നീട് തീരുമാനമെടുക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിളള , എം എ ബേബി തുടങ്ങി മുതിർന്ന നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കാൻ എ കെ ജി സെന്ററിൽ ഉണ്ടായിരുന്നു.
കോണ്‍ഗ്രസില്‍ നീതി നിഷേധമാണ് നടക്കുന്നത് എന്ന് അറിയിച്ചുകൊണ്ടായിരുന്നു നേരത്തെ അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു പ്രഖ്യാപനം. സംഘടന ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു അനില്‍ കുമാര്‍.
'പാര്‍ട്ടിക്കകത്ത് നീതി നിഷേധിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ട്, എന്റെ രക്തത്തിന് വേണ്ടി, എന്റെ തലയറുക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ആളുകളാണ് കാത്തിരിക്കുന്നത് എന്നുള്ളതുകൊണ്ട്, പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ട്, 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും കെ.പി.സി.സി അധ്യക്ഷനും രാജി ഇമെയില്‍ വഴി അയച്ചുകൊടുത്തു,' അനില്‍കുമാര്‍ പറഞ്ഞു.