പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം 12ന്

 | 
CPIM

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ 12ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. പാർട്ടി സെക്രട്ടേറിയറ്റും മണ്ഡലം കമ്മിറ്റിയും ചേർന്ന ശേഷമാകും പ്രഖ്യാപനം. തൃക്കാക്കര മോഡൽ കോട്ടയത്ത് നടക്കില്ല. അതാണ് ചരിത്രം. സഹതാപത്തെ മറികടക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചത്രം കോട്ടയത്തുണ്ട്. പുതുപ്പള്ളി ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണെന്നും വി എൻ വാസവൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർത്ഥി.

പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള പുതിയ ആലോചന കൂടി ഉണ്ടായതാണ് എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം വൈകാൻ കാരണമെന്നായിരുന്നു റിപ്പോർട്ട്. പൊതു സ്വതന്ത്രനെ പരിഗണിക്കുന്നതിൽ കേരള കോൺഗ്രസ് എമ്മിന്റെ അഭിപ്രായം കൂടി സിപിഐഎം തേടും.
പുതുപ്പള്ളിയിൽ യുഡിഎഫിന് മികച്ച മത്സരം നൽകണമെന്ന തീരുമാനത്തിലാണ് സിപിഐഎം. അതുകൊണ്ട് തന്നെ സമുദായ സമവാക്യങ്ങൾ സൂഷ്മമായി പരിശോധിച്ചതിന് ശേഷമായിരിക്കും സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. ജെയ്ക് സി തോമസ്, റെജി സഖറിയ, കെഎം രാധാകൃഷ്ണൻ എന്നീ പേരുകളാണ് പാർട്ടിയിൽ നിന്നും സിപിഐഎം പരിഗണിക്കുന്നത്.  മത്സരിക്കാൻ താൽപര്യമില്ലെന്ന് റെജി സഖറിയ പാർട്ടിയെ അറിയിച്ചെന്നാണ് വിവരം. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് പൊതുസ്വതന്ത്രൻ എന്നതിലേക്ക് സിപിഐഎം എത്തിയിരിക്കുന്നത്.